VOL 14 |
 Flip Pacha Online

ആത്മാവിന്റെ ഹിജ്‌റ

By: അഡ്വ. ഷിബു മീരാൻ

ആത്മാവിന്റെ ഹിജ്‌റ
എന്റെ കർമ്മങ്ങളുടെ നന്മ കൊണ്ട്,
അതു സംഭവിക്കില്ലെന്നുറപ്പാണ്.

അവന്റെ അപാരമായ കാരുണ്യം കൊണ്ട്,
എന്നെങ്കിലും അത് സംഭവിച്ചെങ്കിൽ!

ഒറ്റക്കുറങ്ങുന്ന ഏതെങ്കിലും രാവിൽ,
എന്തു വേണം നിനക്കെന്ന
ദയാപരനായ റബ്ബിന്റെ ചോദ്യം ഞാൻ കേട്ടെങ്കിൽ!

അരനാഴിക ആലോചിക്കാതെ പറയണം,
ഹിജറ പോണം.

ദൂരെയേതെങ്കിലും ദേശത്തേക്കല്ല,
അതി ദൂരെയുള്ളൊരു കാലത്തേക്ക്.
അന്ത്യ ദൂതരെ ചാരത്തേക്ക്.

ആരാധ്യനായവന്റെ ഏകത്വം,
അൽഅമീനിന്റെ പ്രവാചകത്വം,
രണ്ടിനും ഞാൻ സത്യസാക്ഷിയാകണം.

ഹൃദയ സഖാവായ സിദ്ദീഖ്,
ഉടവാളു വലിച്ചെറിഞ്ഞ് ഉമർ,
ഉദാരമതിയായ ഉസ്മാൻ,
കുട്ടിത്തം മാറാത്ത അലി,
അവരോടൊപ്പം ഞാനും ചേരണം.
പ്രവാചക ശിഷ്യനാകണം,
ഗുരുമുഖം കൊതി തീരെ കാണണം.

ഖദീജ പിരിഞ്ഞു പോയ ഏകാന്ത രാവിൽ,
അവിടുത്തെ കുടിലിന്റെ മുറ്റത്തു കൂട്ടിരിക്കണം.
മക്കത്തെ യാതനകൾ പങ്കിട്ടെടുക്കണം.
പലായനത്തിന്റെ ഭാണ്ഡം പേറി,
മദീനയിലേക്കു കൂടെ നടക്കണം.

ഫാത്വിമയുടെ നിക്കാഹ് രാവിൽ,
നബിയുടെ മുഖത്തെ നിലാവു കാണണം.
അവിടുത്തെ കണ്ണിൽ,
അടിയമയോടുള്ള കരുണയും,
അനീതിയോടുള്ള രോഷവും,
മാറി മാറി തെളിയുന്നതു കാണണം.
ബദ്റിലും, ഉഹ്ദിലും നിഴൽ പോലെ നിന്നു പൊരുതണം.

വിപ്ലവം ജയിക്കാൻ മക്കത്തേക്കു മടങ്ങുമ്പോൾ,
തലയുയർത്തിപ്പിടിച്ച് അനുഗമിക്കണം.
വിജയഭേരി പോലെ ബിലാലിന്റെ ബാങ്കൊഴുകുമ്പോൾ,
മിഴി പൂട്ടിയതിൽ നനയണം.

അപരന്റെ രക്തവും സമ്പത്തും
നിഷിദ്ധമാണെന്ന് അവിടുന്ന് കൽപിക്കുമ്പോൾ,
അറഫയിൽ നിന്നു മുഷ്ടി ചുരുട്ടണം.

വഫാത്തിന്നു മുൻപേ മടങ്ങണം.
അവിടുത്തെ പ്രാർത്ഥനയുടെ നന്മയിൽ
ഈയുള്ളവന്റെ ഖൽബും,
തിരുകരംകൊണ്ടു വാരിയിട്ട പച്ചമണ്ണിന്റെ നനവിൽ
ഈയുള്ളവന്റെ ഖബറും
നിറഞ്ഞു തുളുമ്പണം.

തലപ്പൊന്നുയർത്തി നോക്കിയാൽ,
റൗള കാണുന്നത്ര അടുത്ത്,
ഈന്തപ്പനയായ് ഞാൻ
പിന്നെയും മുളച്ചു പൊന്തണം.