VOL 14 |
 Flip Pacha Online

ജപമാലകളുടെ സഞ്ചാരങ്ങൾ-'മലകളുടെയും സ്റ്റെപ്പിയുടെയും നാട്'

By: സത്താർ കുറ്റൂർ

ജപമാലകളുടെ സഞ്ചാരങ്ങൾ-'മലകളുടെയും സ്റ്റെപ്പിയുടെയും നാട്'
കെ എം ശാഫിയുടെ കിർഗിസ്താൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ യാത്രകളാണ്. ഏതൊരു നാടിന്റെയും പശ്ചാത്തല വിവരങ്ങൾ കിട്ടാൻ ഈ കാലത്ത് യാത്ര ചെയ്യണമെന്നില്ല. നിമിഷനേരം കൊണ്ട് കൈവെള്ളയിൽ കിട്ടുന്ന ആ വിവരങ്ങൾ പുതിയ യാത്രാപുസ്തകങ്ങളിൽ ആവശ്യത്തിലധികം കലരുന്നത് അനുചിതമാണെന്നും തോന്നിയിട്ടുണ്ട്. യാത്രയുടെ നേരനുഭവങ്ങൾ എത്രമേൽ ഹൃദ്യമായി ചേർത്ത് വെക്കാൻ കഴിയുന്നു എന്നതിന് അനുസരിച്ചായിരിക്കും യാത്രപറച്ചിലുകൾ മനോഹരമാവുക,

കേവലമായ പശ്ചാത്തല വിവരണങ്ങളല്ല എന്നത് തന്നെയാണ് ശാഫിയുടെ യാത്രാ പുസ്തകങ്ങളുടെ വായനാക്ഷമത.

ഓരോ വായനക്കാരനെയും സഹയാത്രികനാക്കാൻ പോന്ന ഭാഷയും ശൈലിയുമാണ് ശാഫിയുടെ പുസ്തകങ്ങൾക്കുള്ളള്ളത്.

ഓർമ്മയും യാത്രയുമാണ് ആ എഴുത്തുകളിലധികവും.എത്ര തന്നെ അതിരുകൾ കടന്ന് പോയാലും അതിനിടയിൽ സ്വന്തം നാടും ചെറുപ്പകാലവും സൗഹൃദങ്ങളും മിന്നിമറിയുന്നത് ഈ എഴുത്തുകളിൽ നിറയുന്ന ഗൃഹാതുരതകളാണ്.

അത്തരം നേരങ്ങളിൽ ശാഫി മറയില്ലാതെ സംസാരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
എഴുത്തുകാരനെന്ന നിലയിലുള്ള എല്ലാ അടയാഭരണങ്ങളും അഴിച്ചിട്ട് തന്റെ ചെറുപ്പത്തിലേക്കും ചുറ്റുപാടിലേക്കും വീടിന്റെ അകത്തളങ്ങളിലേക്കും സൗഹൃദങ്ങളുടെ ചായ വട്ടങ്ങളിലേക്കും പിന്നിട്ട ദൂരങ്ങൾക്കൊന്നും പിടികൊടുക്കാതെ ശാഫി പിന്തിരിയുന്നത് കാണാം. ആ പതിവ് ഈ പുസ്തകത്തിലും തെറ്റിച്ചിട്ടില്ല.

ഒന്ന് നീട്ടി വിളിച്ചാൽ കേൾക്കുന്ന ദൂരമാണ് ഈ കുറിപ്പുകാരന്റെയും ഗ്രന്ഥകാരന്റെയും വീടുകൾ തമ്മിലുള്ളത്. പിന്നിട്ട വഴിദൂരങ്ങൾക്കിടയിലും പിന്തിരിയുന്ന ഗൃഹാതുരതകളിലും ശാഫിയുടെ വരികൾ വന്ന് വല്ലാതെ ഉള്ളിൽ തൊടുന്നു എന്നതാണ് വായനക്കാരനെന്ന നിലയിൽ ഈയുള്ളവന്റെ ആഹ്ലാദം. അത് മറ്റാരേക്കാളും കൂടുതൽ അനുഭവിക്കാനാവുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്.

സെൻട്രൽ ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ താഷ്ക്കൻ്റിലെ
ചോർസുബസാർ കാണുമ്പോൾ, അവിടെ നിരത്തിവെച്ച ഉൽപ്പന്നങ്ങളുടെ തരംതിരിവ് മുതൽ തദ്ദേശീയരുടെ വിപണന രീതികൾ വരെ വിശദീകരിക്കുന്നതിനിടയിൽ കുഞ്ഞു പ്രായത്തിൽ കണ്ട വേങ്ങരചന്തയിലേക്ക് ഗ്രന്ഥകാരൻ തിരികെ പായുന്നുണ്ട്.

അവിടെ വല്യുമ്മയുടെ കൈവിരലിൽ ഭൂതകാലത്തിന്റെ കൗതുകങ്ങളിലൂടെ കുസൃതി കാട്ടി നടന്നു പോവുന്നുണ്ട്.

ഇസ്‌ലിാമിക സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന ബുഖാറയിൽ എത്തുമ്പോൾ സ്വന്തം നാട്ടിലെ മദ്രസയിലെ ബുഖാരി ക്ലാസിലേക്കും അന്നത്തെ ഉസ്താദിലേക്കും വന്ന് അതിന്റെ ഓർമ്മകൾ തട്ടുന്നുണ്ട്.
ശാഫിയുടെ ആദ്യ യാത്രാ പുസ്തകമായ 'യാത്രികന്റെ ദേശം' മുതൽ ഇത് പല സന്ദർഭങ്ങളിലായി നമുക്ക് അനുഭവിക്കാനായിട്ടുണ്ട്.

യാത്രകൾ നമ്മെ നവീകരിക്കുന്നു എന്നാണ്. ഒരാൾ സഞ്ചായപ്രിയനാവുക എന്നത് അറിയാനും അനുഭവിക്കാനുമുള്ള ത്വരയിൽ നിന്നാണ്.

ശാഫിയുടെ യാത്രയുടെ തുടക്കമിട്ടത്ത് വായന തിരിയിട്ടിടത്ത് നിന്നാണെന്ന് യാത്രയിലേക്ക് കടക്കുന്നതിന്റെ തൊട്ടു മുമ്പെഴുതിയ കുറിപ്പിൽ ശാഫി തന്നെ കുറിച്ചിട്ടുണ്ട്.

അതിങ്ങനെയാണ്. 'എടക്കാപറമ്പ് അപ്പർ പ്രൈമറി സ്കൂളിലെ കുഞ്ഞുലൈബ്രറിയിൽ നിന്ന് സജീവൻ മാഷ് എടുത്തു തന്നൊരു പുസ്തകം ഇപ്പോഴും ഓർമ്മയിലുണ്ട്.

'കാപ്പിരികളുടെ നാട്ടിൽ' അന്നാണ് ആ പേര് ആദ്യം വായിക്കുന്നത്.

എസ് കെ പൊറ്റക്കാട്ട്. മലയാളിക്ക് സഞ്ചാരത്തിന്റെ ആദ്യപാഠം പകർന്ന മഹാ സഞ്ചാരി. കോഴിക്കോട് മിഠായിത്തെരുവിൽ നിന്ന് ദേശാന്തരങ്ങൾക്കപ്പുറം ആഫ്രിക്കയിലെ മുഷിഞ്ഞ ജനജീവിതത്തിന്റെ ഉള്ളറകളിലേക്ക് നടന്നു പോയ ആ മനുഷ്യനാണ് എന്നെ യാത്രാപ്രേമിയാക്കിയത് 'യാത്രാ പുസ്തകങ്ങളാണ് തന്നിലെ യാത്രികനെ രൂപപ്പെടുത്തിയതെന്ന് പറയുന്ന ഗ്രന്ഥകാരന്റെ എഴുത്തുകളിൽ ആ വായനയുടെ ഞരമ്പുകളെല്ലാം തെളിഞ്ഞു നിൽക്കുന്നുണ്ട്.

എഴുതാൻ വേണ്ടിയല്ല യാത്ര ചെയ്യുന്നതെന്ന് മുൻപുസ്തകങ്ങളിലെന്ന പോലെ ശാഫി ഇവിടെയും ആവർത്തിച്ചിരിക്കുന്നു, .പോയ യാത്രകളെല്ലാം എഴുതിയതല്ല.

കടന്നു പോയ അതിരുകളും കണ്ടുമുട്ടിയ മനുഷ്യരും ചരിത്രത്തിലേക്ക് തിരി നീട്ടിയ കാഴ്ചകളുമെല്ലാം ഉള്ളിലുണ്ടാക്കുന്ന പൊറുതികേടിൽ നിന്നാണ് എഴുത്തുകൾ സംഭവിക്കുന്നത്. യാത്ര പോലെ യാത്രാ എഴുത്തുകളും പാക്കേജുകളായി തീരരുതെന്ന കരുതൽ ഗ്രന്ഥകാരന്റെ ഈ നിശ്ചയത്തിലുണ്ട്.

യാത്ര ചെയ്യാൻ ഉദ്ദേശിച്ച ദേശങ്ങളിലേക്ക് പുസ്തകങ്ങളിലൂടെ മുന്നേ പോവുന്നത് ആ നാടിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹികാവസ്ഥകളെയുമൊക്കെ അറിയാൻ അവസരമൊരുക്കും.
ഈ പുസ്തകത്തിന്റെ ആദ്യ അധ്യായം തന്നെ റഷ്യൻ എഴുത്തുകാരൻ ചിംഗീസ് ഐത് മാത്തൊവിന്റെ മലകളുടെയും സ്റ്റെപ്പിയുടെയും കഥകൾ എന്ന പുസ്തകം ആസ്വദിച്ച് കൊണ്ടാണ്.

1958 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം 1988 ൽ മോസ്കോയിലെ റാദുഗാ പബ്ലിഷേഴ്സ് തിരുവനന്തപുരത്തെ പ്രഭാത് ബുക്സിന് വേണ്ടി മലയാളത്തിലേക്ക് മൊഴിമാറ്റി.
രണ്ടാം ലോകമഹായുദ്ധമാണ് ഈ എഴുത്തുകളുടെ പശ്ചാത്തലം,
ഉള്ളംകുളിർക്കുന്ന
പ്രണയത്തിന്റെ മനോഹരമായ തീരങ്ങളിലൂടെ തലമുറകളെ വഴി നടത്തിയ ആഖ്യാനം.
കിർഗിസ് യാത്രയിലുടനീളം ഈ പുസ്തകവും അതിലെ കഥാപാത്രങ്ങളും ശാഫിയെ പിന്തുടരുന്നുണ്ട്.

ഏതൊരു നാട്ടിലെത്തുമ്പോഴും അവിടത്തുകാരനായി മാറുകയാണ് ഒരു യാത്രികൻ ചെയ്യേണ്ടത്.
ആ നാടിനെ അനുഭവിക്കാൻ അതിലൂടെ മാത്രമെ സാധിക്കൂ. തിമൂറിന്റെ കഥകളും, സോവിയറ്റ് യൂണിയന്റെ ശേഷിപ്പുകളും രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളും അവിടത്തെ സാധാരണ മനുഷ്യരുടെ ജീവിതവുമൊക്കെ എഴുത്തിൽ എമ്പാടുമുണ്ട്.
ഈ വഴി മലയാളിക്കിന്ന് സുപരിചിതമായി തുടങ്ങിയിട്ടുണ്ട്. നമ്മുടെ യാത്രകൾക്കും പ്രവാസത്തിനും കാലാനുസൃതമായ മാറ്റങ്ങൾ സംഭവിക്കുന്നതുകൊണ്ടാണത്.

മദ്ധ്യേഷ്യൻ രാജ്യങ്ങൾ എന്ത് കൊണ്ട് നമുക്ക് പ്രിയപ്പെട്ടതായി മാറുന്നു എന്നതിന് ഈ പുസ്തകം നമുക്ക് പറഞ്ഞു തരുന്നു. `അത് തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യവും.

ഓരോ അധ്യായവും യാത്രയുടെ
മനോഹരമായ കാഴ്ചകളും കൗതുകങ്ങളുമാണ്.
പോവുന്ന വഴിക്ക് ഡൽഹിയിൽ കണ്ട കാൺവാലകളിൽ തുടങ്ങി അതിരുകൾ മുറിയുന്ന കാഴ്ചയുടെ അരികിലെല്ലാം അറിവിന്റെയും അനുഭവങ്ങളുടെയും പുതു ലോകങ്ങൾ വെളിപ്പെടുന്നുണ്ട്.

ജലധാരകളും, നടപ്പാതകളും, ഭോജന ശാലകളും, ശവകുടീരങ്ങളും, മ്യൂസിയങ്ങളും, നഗരത്തിരക്കുകളും, സൂഫിധാരകളും, കമ്യൂണിസവും അങ്ങനെ പറഞ്ഞാൽ തീരാത്ത കാലാന്തരങ്ങളുടെ കഥകൾ പറഞ്ഞ് കൊണ്ടാണ് ശാഫിയുടെ യാത്ര.

പലപ്പോഴും ഇത്തരം യാത്രകൾ നമ്മെ മനുഷ്യ സൗഹൃദത്തിന്റെ ഊഷ്മളതകളിലേക്ക് കൊണ്ട് പോവാറുണ്ട്. വഴിയരികിൽ നിന്ന് വീട്ടിലേക്ക് വീട്ടിലേക്ക് കൂട്ടുന്നവർ. കൂടെ ഭക്ഷണം കഴിക്കാനുള്ള അവരുടെ കാത്തിരിപ്പുകൾ. മനുഷ്യ സൗഹൃദത്തിന്റെ മേനി പറയുന്ന മലയാളികൾ ഇക്കാര്യത്തിൽ എത്ര കാലം പിറകിലാണെന്ന് ഇത്തരം സന്ദർഭങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

വി മുസഫർ അഹമ്മദിന്റെ മുഖക്കുറിപ്പ് ഈ പുസ്തകത്തിന്റെ അലങ്കാരമാണ്. അദ്ദേഹം ഈ പുസ്തകത്തിന് 'ജപമാലകളുടെ സഞ്ചാരങ്ങൾ' എന്ന ശീർഷകം നൽകിയത് ഏറെ ഹൃദ്യമായി തോന്നി.
'പല നിറങ്ങളിലോടുന്ന വെള്ളത്തിന് പലതരം തണുപ്പാണ്. ചിലയിടങ്ങളിൽ ചൂടുമാണ്.ഒരു സഞ്ചാരി പല നിറങ്ങളിൽ ബഹുസ്വരമായ മനുഷ്യാനുഭവങ്ങളെ തേടുന്നു. ആ പടവുകളിലൂടെ സഞ്ചരിച്ച് ഇവിടെ വായനക്കാർ ആത്മീയ പ്രകൃതിയുടെ മട്ടുപ്പാവിൽക്കൂടി എത്തിച്ചേരുന്നു' എന്നാണ് അദ്ദേഹം പുസ്തകത്തെ നിരീക്ഷിച്ചിട്ടുള്ളത്.

മാതൃഭൂമിയാണ് പ്രസാധകർ,
മലയാളത്തിലെ സഞ്ചാരസാഹിത്യത്തിന് മുതൽകൂട്ടാണ് ഈ പുസ്തകം എന്ന് ഒട്ടും അതിശയോക്തിയില്ലാതെ തന്നെ പറയാം