കടലിന്റെ മകൻ, ജനങ്ങളുടെ നേതാവ്: ബീമാപള്ളി റഷീദിന്റെ പോരാട്ടഭരിതമായ ജീവിതവഴികൾ
By: ഷഹീർജി അഹമ്മദ്
കടലിനെയും കരയെയും ഒരുപോലെ കരയിപ്പിച്ചാണ് തിരുവനന്തപുരം രാഷ്ട്രീയത്തിലെ അധിനായകൻ ബീമാപള്ളി റഷീദ് സാഹിബ് യാത്രയായത്. നാലര പതിറ്റാണ്ടുകാലം തലസ്ഥാന നഗരിയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിഴലായി, തണലായി നിന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ കൺവീനറുമായിരുന്ന റഷീദ് സാഹിബിന് സങ്കടക്കടൽ തീർത്താണ് നാട് അന്ത്യയാത്ര നൽകിയത്. ജുമാ നമസ്കാരത്തിന് ശേഷം ബീമാപള്ളി ഖബർസ്ഥാനിലെ ചുടുമണ്ണിലേക്ക് അദ്ദേഹത്തെ യാത്രയാക്കുമ്പോൾ, ഒരു ജനനായകന്റെ വേർപാടിൽ നഗരത്തിന്റെ ഹൃദയം വിങ്ങിപ്പൊട്ടുകയായിരുന്നു.
ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച റഷീദ് സാഹിബ്, കഠിനമായ ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് പൊതുരംഗത്ത് സ്വന്തം ഇടം അടയാളപ്പെടുത്തിയത്. തീരദേശ ഗ്രാമങ്ങളിൽ നിന്ന് ബിരുദ പഠനത്തിന് ആളുകൾ വളരെ വിരളമായിരുന്ന ആ കാലഘട്ടത്തിൽ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായി എത്തിയ ബീമാപള്ളിക്കാരനായ റഷീദ് എല്ലാവർക്കും ഒരു പുതുമയുള്ള കാഴ്ചയായിരുന്നു. ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കും വറുതികൾക്കുമിടയിലും പഠനവും പ്രസ്ഥാന പ്രവർത്തനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം കാണിച്ച ആർജ്ജവം സമാനതകളില്ലാത്തതാണ്. യൂത്ത് ലീഗ് നേതൃത്വത്തിൽ ശോഭിക്കവേ തന്നെ ചെറുപ്പകാലത്ത് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി മുസ്ലിം ലീഗിനെ പ്രതിനിധീകരിക്കാനുള്ള അപൂർവ്വ ഭാഗ്യവും അദ്ദേഹത്തെ തേടിയെത്തി.
വിദ്യാർത്ഥികാലം മുതൽ നെഞ്ചിലേറ്റിയ പ്രസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി സകലതും സമർപ്പിച്ച ആ മുഴുവൻസമയ പൊതുപ്രവർത്തകൻ യാത്ര പറയുമ്പോഴാണ്, സ്വന്തമായി ഒരു കുടുംബബന്ധമോ, ഒരിഞ്ചു ഭൂമിയോ വീടോ പോലുമോ അദ്ദേഹത്തിനില്ലായിരുന്നു എന്ന സത്യം അനുശോചന കുറിപ്പുകളിലൂടെ പൊതുസമൂഹം തിരിച്ചറിയുന്നത്! തന്റെ സ്വകാര്യ ദുഃഖങ്ങളും ഏകാന്തതകളും ഉള്ളിലൊളിപ്പിച്ച്, മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ജീവിതം ഉഴിഞ്ഞുവെച്ച ആ വലിയ മനുഷ്യൻ ജനങ്ങളുടെ ഹൃദയങ്ങളിലാണ് സ്വന്തമായി വീടുപണിതത്. സി.എച്ച്. മുഹമ്മദ് കോയയിൽ നിന്ന് എം.എസ്.എഫ് അംഗത്വം സ്വീകരിച്ച് പൊതുരംഗത്തേക്ക് ഇറങ്ങിയ അദ്ദേഹം, പിന്നീട് എം.എസ്.എഫ് സിറ്റി പ്രസിഡന്റിൽ തുടങ്ങി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും സിഡ്കോ ചെയർമാനുമൊക്കെയായി പടർന്നുപന്തലിക്കുകയായിരുന്നു. വടക്കൻ ജില്ലകളിൽ നിന്ന് തലസ്ഥാന നഗരിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഏതൊരു സാധാരണക്കാരനും ഏതു സമയത്തും ആശ്രയിക്കാവുന്ന തണൽകേന്ദ്രമായിരുന്നു ബീമാപള്ളി റഷീദ്.
എന്റെ ഓർമ്മകളിലേക്ക് നോക്കുമ്പോൾ, അഞ്ചിലോ ആറിലോ പഠിക്കുന്ന കാലത്ത് അമ്മാവന്റെ വീട്ടിൽ വെച്ച് അനുസ്മരണ നോട്ടീസിലാണ് "സ്വാഗതം: ബീമാപള്ളി റഷീദ്" എന്ന പേര് ഞാൻ ആദ്യമായി കാണുന്നത്. പിൽക്കാലത്ത് പത്താം ക്ലാസുകാരനായ എം.എസ്.എഫുകാരനായി ജില്ലാ കമ്മിറ്റിയിലിരിക്കുമ്പോൾ അദ്ദേഹത്തെ നേരിട്ടുകണ്ടു. അവിടെ നിന്നങ്ങോട്ട് നാലര പതിറ്റാണ്ടോളം ആ വ്യക്തിത്വത്തോട് ചേർന്നുനിന്ന്, ഇണങ്ങിയും പിണങ്ങിയും നീണ്ടൊരു സംഘടനാ ജീവിതം. എന്റെ സംഘടനാ ജീവിതത്തിൽ ഓരോ പടവുകൾ കയറുമ്പോഴും താങ്ങായി, തണലായി ബീമാപള്ളി റഷീദിന്റെ കരങ്ങൾ കൂടെയുണ്ടായിരുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും കഠിനവും ദുഃഖകരവുമായ ഏടുകളിൽ ഒന്നായിരുന്നു വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ദിനങ്ങൾ. ആശങ്കയുടെ ആ നാളുകളിൽ വെല്ലൂരിലേക്ക് എന്നെത്തേടിയെത്തിയ ആശ്വാസത്തിന്റെ പെരുമഴയായിരുന്നു റഷീദ് സാഹിബ്. "എന്റെ പ്രിയപ്പെട്ട നേതാവായിരുന്ന അലി ലബ്ബയുടെ മകനാണ് നീ..." എന്ന് അദ്ദേഹം പലപ്പോഴും ആവർത്തിച്ചു പറയുമായിരുന്നു. കരമന മാഹിൻ സാഹിബിനെപ്പോലെ തന്റെ നെഞ്ചോട് ചേർത്തുവെച്ച അലി ലബ്ബയോടുള്ള ആദരവും സ്നേഹവും അതേപടി അവിടുത്തെ മകനായ എനിക്കും പകർന്നു നൽകുകയായിരുന്നു അദ്ദേഹം. പിതാവിന്റെ വേർപാടിൽ ജീവിതം വഴിമുട്ടിയപ്പോൾ എനിക്കൊരു ജോലി ശരിയാക്കി തന്നതും റഷീദ് സാഹിബായിരുന്നു. രോഗാവസ്ഥയിലായിരിക്കെ തന്റെ വീട്ടിൽ വെച്ച് നടന്ന യോഗത്തിൽ വെച്ച് എന്നെ അരികിലേക്ക് ചേർത്തുപിടിച്ച് അദ്ദേഹം പറഞ്ഞത്, "നിന്നോട് ദേഷ്യപ്പെട്ടതും ശകാരിച്ചതുമൊക്കെ നീ എനിക്ക് അത്രമേൽ പ്രിയപ്പെട്ടവനായതുകൊണ്ടാണ്" എന്നായിരുന്നു.
തെരുവുകളിലും വേദികളിലും പ്രസ്ഥാനത്തിനും യു.ഡി.എഫിനും അഹോരാത്രം കാവലാളായി നിലകൊണ്ട ആ ശബ്ദം ഇനിയില്ല. നാലര പതിറ്റാണ്ടുകാലം നെഞ്ചിലേറ്റിയ പ്രസ്ഥാനത്തിന്റെ ഹരിതപതാക മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അദ്ദേഹത്തിന്റെ ഭൗതികശരീരത്തിൽ പുതപ്പിച്ചപ്പോൾ ഹൃദയഭേദകമായ രംഗങ്ങൾക്കാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുമടക്കം ആയിരക്കണക്കിന് ആളുകളാണ് ആ ജനനായകന് അന്ത്യപ്രണാമമർപ്പിക്കാൻ എത്തിച്ചേർന്നത്. കേവലം 65-ാം വയസ്സിൽ അദ്ദേഹം വിടപറയുമ്പോൾ, തിരുവനന്തപുരത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന തിളക്കമാർന്ന ഒരു അധ്യായത്തിനാണ് അന്ത്യമാകുന്നത്. ശ്വാസമെടുക്കുന്നിടത്തോളം കാലം എന്റെ ഉള്ളിലെ ഓർമ്മച്ചെപ്പിൽ ആ മുഖമുണ്ടാകും. നാഥൻ അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.