VOL 04 |
 Flip Pacha Online

ഒടുവിലത്തെ കാഴ്ച

By: ടി.എം സാവാൻ കുട്ടി

ഒടുവിലത്തെ കാഴ്ച
കവി, ഗാന രചയിതാവ്, 'ഓത്തു പള്ളീലന്ന് നമ്മൾ' തുടങ്ങി എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ ശിൽപി. 1940 മെയ് 15-ന് കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനനം. സ്‌കൂൾ പഠനത്തിനുശേഷം മലബാർ മാർക്കറ്റ് കമ്മിറ്റി ഓഫീസിൽ ജോലി. ആകാശവാണിക്കുവേണ്ടി ഒട്ടേറെ ഗാനങ്ങൾ എഴുതി. തേൻ തുള്ളി, പതിനാലാം രാവ്, ഞാൻ കാതോർത്തിരിക്കാം, ഉൽപ്പത്തി തുടങ്ങിയ സിനിമകൾ ക്കുവേണ്ടി എഴുതിയ പാട്ടുകൾ ശ്രദ്ധേയം. നീല ദർപ്പണം, രാഗമാലിക, യാത്രികർക്ക് വെളിച്ചം, വയനാടൻ തത്ത, സുന്ദരിപ്പെണ്ണും സുറുമക്കണ്ണും, ഒരു ഇന്ത്യൻ കവിയുടെ മനസ്സിൽ തുടങ്ങിയ കവിതാസമാഹാരങ്ങളും 'കറുത്ത മുത്ത്' എന്ന ഖണ്ഡകാവ്യവും നൂറുകണക്കിന് മാപ്പിളപ്പാട്ടുകളും സമ്മാനിച്ചു. ചങ്ങമ്പുഴ പുരസ്ക്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി. 2003 ഫെബ്രുവരിയിൽ അന്തരിച്ചു.



സി.എച്ചിനെക്കുറിച്ചെഴുതുക എന്നത് അത്ര എളുപ്പമായി തോന്നുന്നില്ല. ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയെന്നതു നാം സാധാരണ കേൾക്കാറുള്ള പ്രയോഗമാണെങ്കിലും ആ പ്രയോഗത്തിനർഹനായ വ്യക്തിയെക്കുറി ച്ചെഴുതുക സാഹസമാണ്. ജീവിതത്തിന്റെ സകല മേഖലകളിലുംവെട്ടിത്തിളങ്ങുന്ന വ്യക്തിയായിരിക്കെ, സർവ വശങ്ങളെക്കുറിച്ചും എഴുതുക സാധ്യമല്ല. മുപ്പതു വർഷത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒന്നിച്ചു ചെലവഴിച്ച ഏതാനും നിമിഷങ്ങളെക്കുറിച്ച് വല്ലതും ക്കുത്തിക്കുറിക്കാൻ മാത്രമേ ഇവിടെ ശ്രമിക്കുന്നുള്ളു.

സൽക്കാര പ്രിയനായ, സംഭാഷണ പ്രിയനായ സി.എച്ചിനെ ഓർക്കാനാണ് ഞാനുദ്ദേശിക്കുന്നത്. ബന്ധുക്കൾ, സ്നേഹിതർ, സഹപ്രവർത്തകർ തുടങ്ങി പരിചയിക്കാനിടയായ വ്യക്തികൾ വീട്ടിൽ ചെന്നാൽ ചുരുങ്ങിയത് ഒരു ചായയെങ്കിലും നൽകി സൽക്കരിക്കുകയും നർമ്മഭാഷണം വഴി സന്തോഷിപ്പിച്ചയക്കുകും ചെയ്യലാണ് സി.എച്ചിന്റെ രീതി. അദ്ദേഹവുമായി ബന്ധപ്പെട്ട പലർക്കും സൽക്കാര പ്രിയനായ സി.എച്ചിനെ മറക്കാൻ പ്രയാസമാണ്.

ചന്ദ്രിക പത്രാധിപരായി, പഴയ ചന്ദ്രിക ആപ്പീസ് കെട്ടിടത്തിലെ ചെറിയ മുറിയിൽ ഇരിക്കാറുള്ളപ്പോഴും എം.എൽ.എ, എം.പി, സ്‌പീക്കർ, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ തുറകളിൽ പ്രവർത്തിച്ചപ്പോഴുമെല്ലാം കാണുന്ന മാത്രയിൽ സമുദായത്തിന്റെ വിവിധ കാര്യങ്ങൾ, രാജ്യകാര്യങ്ങൾ, അന്താരാഷ്ട്രീയ പ്രശ്‌നങ്ങൾ എന്നുവേണ്ട പൂച്ചയെ വളർത്തൽ തുടങ്ങി ശാപ്പാടുകാര്യങ്ങൾ വരെ വിശദമായി സംസാരിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അത്തരം സംഭാഷണങ്ങൾ കേൾക്കാനുംഅറിയാനും അവയെപ്പറ്റി ചിന്തിക്കാനും സന്ദർഭങ്ങൾ പലതും എനിക്കുതന്നെയുണ്ടായിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ അദ്ദേഹവുമായി ബന്ധപ്പെട്ട പലർക്കും ഉണ്ടായിട്ടുണ്ടെന്ന് അറിയാം. മന്ത്രിയാ യിരിക്കുമ്പോൾ താൻ കൈകാര്യം ചെയ്ത വകുപ്പുകളിലെ വിവിധ കാര്യങ്ങളെക്കുറിച്ച് ആശയ വിനിമയം ചെയ്യുക സി.എച്ചിന്റെ പ്രത്യേക സ്വഭാവമായിരുന്നു. രാജ്ഭവനിൽ നിന്ന് സത്യപ്രതിജ്ഞ ചെയത് മന്ത്രിപദം സ്വീകരിച്ചു കഴിയുമ്പോഴേക്കും സർവമാന അറിവും മാലാഖമാർ ശിരസ്സിൽ ഇറക്കി കൊടുക്കുമെന്നൊന്നും അദ്ദേഹം കരുതിയിരുന്നില്ല. ബന്ധപ്പെട്ടവരുമായി പ്രസക്ത കാര്യങ്ങൾ ചർച്ച ചെയ്താലേ വസ്‌തുതകളുടെ യഥാർത്ഥ വശങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. പി.എസ്.സി അംഗമായി തിരുവനന്തപുരത്തു താമസമാക്കിയശേഷം ഒഴിവ് വേളകൾ സി.എച്ചുമായി ചെലവിട്ടപ്പോഴാണ് ഈ കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കാനിടയായത്. ഇത്തരം സംഭാഷണങ്ങളും ചർച്ചകളുംസംസ്ഥാനത്തെ സർവീസ് കാര്യങ്ങളെക്കുറിച്ചും ഭരണപരമായ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ വളരെയേറെ സഹായിക്കുകയും ചെയ്തു.

വിദേശയാത്രകൾ നടത്തി തിരിച്ചെത്തിയാൽ സന്ദർശിച്ച സ്ഥലത്തെപ്പറ്റി വിശദീകരിക്കുവാൻ സി.എച്ചിന് എന്നും താൽപര്യമുണ്ടായിരുന്നു. ആദ്യത്തെ അമേരിക്കൻ യാത്ര, ശ്രീലങ്കൻ യാത്ര തുടങ്ങിയവ ഉദാഹരണം. പ്രഥമ അമേരിക്കൻ യാത്ര കഴിഞ്ഞ് തിരിച്ചുവന്ന വിദ്യാഭ്യാസമന്ത്രിയായ സി.എച്ചിനെ അനുമോദിക്കാൻ, തലശ്ശേരിയിലെ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച സദസ്സിലും തുടർന്ന് തലശ്ശേരിയിലെ പൗരാവലി സംഘടിപ്പിച്ച മറ്റൊരു സദസ്സിലും അദ്ദേഹം ചെയ്‌ത പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ അമേരിക്കൻ പര്യടനം എത്രമാത്രം ഫലപ്രദമായിരുന്നുവെന്നതിനു നല്ല തെളിവാണ്. സന്ദർശിച്ച രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത രീതി, അച്ചടക്കം, അവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ്, സർവകലാശാലകളുടെ പ്രവർത്തനം, വിശിഷ്യാ അദ്ധ്യയന രംഗം, സാമൂഹിക - സാമ്പത്തിക കാര്യങ്ങൾ, ടൂറിസം സംബന്ധമായ കാര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ശ്രോതാക്കൾക്ക് നേരിൽ കാണുന്ന പ്രതീതിയുണ്ടാക്കിക്കൊടുത്തിരുന്നു. അത്രയും വസ്‌തുനിഷ്‌ഠമായി കാര്യങ്ങൾ ഗ്രഹിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സദസ്സുകളിൽ സംബന്ധിച്ച ഏവർക്കും ബോധ്യമായിരുന്നു.

പെരുന്നാൾ നമസ്‌കാരം കഴിഞ്ഞാൽ സി.എച്ചിനെ സന്ദർശിക്കുക കുറച്ചു കാലമായി പതിവായിരുന്നു. പല സുഹൃത്തുക്കളും ഈദാശംസകൾ കൈമാറാനായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ചെല്ലുമായിരുന്നു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമെന്ന നിലയിൽ നടത്താറുള്ള അത്ത രം സന്ദർശനങ്ങളിലും അവിടെ കൂടിയവരോട് വിവിധപ്രശ്‌നങ്ങൾ ഉള്ളുതുറന്നു സംസാരിക്കുക സി.എച്ചിന്റെ പതിവായിരുന്നു.

1983 സപ്തംബർ 18. ഒരു ബലിപെരുന്നാൾ ദിവസം. പതിവുപോലെ പെരുന്നാൾ നമസ്കാരാനന്തരം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റിൽ ഞാൻ എത്തി. അവിടെ അപ്പോൾ കേരള വനംവകുപ്പുമന്ത്രി കെ.പി നൂറുദ്ദീൻ സാഹിബും കൊച്ചുമകളും ഉണ്ടായിരുന്നു. രണ്ടാമത്തെപുത്രി ഫരീദയുടെ ഭർത്താവ് ഹംസ, മൂത്ത പുത്രിഫൗസിയയുടെ മക്കൾ എന്നിവരും സി.എച്ചിന് അഭിമുഖമായി ഇരിക്കുന്നു. പതിവുപോലെ സംഭാഷണങ്ങളും തമാശ പറയലും നടന്നുകൊണ്ടിരുന്നപ്പോൾ ചായ - പലഹാരങ്ങൾ കൊണ്ടുവരാൻ കൽപനയായി. വിഭവസമൃദ്ധമായിരുന്നു ആ നാൽക്കാരാ. ഹജ്ജുപെരുന്നാൾ ആയതുകാരണം ഹജ്ജിനെപ്പറ്റി തന്നെയായിരുന്നു സംഭാഷണത്തിൽ കൂടുതലും. കൂട്ടത്തിൽ മക്കയിലുള്ള കേയി റുബാത്തിനെപ്പറ്റിയും സംസാരിക്കുകയുണ്ടായി. മലയാളിഹാജിമാർക്ക് ഇനിയുള്ള കാലം മക്കയിലെ താമസത്തിനു നേരിടാനിടയുള്ള പ്രയാസങ്ങളായിരുന്നു അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നത്. മലയാളികളായഹജ്ജാജികളുടെ താമസത്തിന് കേയി കുടുംബത്തിലെ ഒരു മഹാൻ, നൂറ്റാണ്ടുകൾക്കു മുമ്പ് വിശുദ്ധ കഅ്ബക്ക് അടുത്തായി കെട്ടിയുണ്ടാക്കിയസ്ഥാപനമാണ് കേയിറുബാത്ത്. ഹറം ശരീഫിന്റെ വികസനത്തോടനുബന്ധിച്ച് അത് പൊളിച്ചു നീക്കിയപ്പോൾ പ്രസ്തുത കെട്ടിടത്തിനു പ്രതിഫലമായി കിട്ടിയ സംഖ്യകൊണ്ട് നിർമ്മിച്ച മറ്റൊരു കെട്ടിടം ഹാജിമാരുടെ സൗകര്യത്തിന് കിട്ടാതെയിരിക്കുകയാണ്. ആ പ്രശ്‌നത്തെ സംബന്ധിച്ച് ഹജ്ജുകാര്യം കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയിൽ സി.എച്ചിന് സ്വാഭാവികമായും താൽപര്യം ഉണ്ടായിരിക്കുമല്ലോ. ഹജ്ജ് സീസൺ കഴിഞ്ഞാൽ സാവകാശം അവിടം സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത്‌ ഫലപ്രദമായ നടപടികൾ സ്വീകരിച്ചേ പറ്റൂ എന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ റബ്ബിന്റെ ഇച്ഛ മറ്റൊന്നായിരുന്നു. വേറൊരു യാത്ര

കോവളത്തുള്ള ഒരു പള്ളിയുടെ പുനർനിർമ്മാണത്തിനിടെ ഇന്ത്യാ ടൂറിസം വികസന അതോറിറ്റിചില തടസങ്ങൾ സൃഷ്‌ടിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിയെക്കുട്ടി താൻ അവിടെ സന്ദർശിച്ചതും പള്ളിപുനർനിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് മണക്കാട് കാസിം ഹാജിയും മറ്റുമായി സംസാരിച്ചതും സ്വീകാര്യമായ തീരുമാനത്തിലെത്തിച്ചേർന്നതും സി.എച്ച് വിവരിച്ചു. മുഖ്യമന്ത്രിയും അദ്ദേഹവുമായി ചർച്ച ചെയ്തു യോജിപ്പിലെത്തിയിരുന്നുവെങ്കിലും അതു സംബന്ധമായ കൽപന പുറത്തുവരുന്നതിനു മുമ്പായിതന്നെ സി.എച്ച്, മറ്റൊരു പള്ളിയുടെ ഖബറിടത്തിലേക്ക് യാത്രയായി.

കേരളത്തിലെ എല്ലാ സംസ്ഥാന ഹൈവേകളിലും നാഷണൽ ഹൈവേകളിലും ഇരുവശങ്ങളിലുമായി വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതു നല്ലൊരു കാര്യമായിരിക്കുമെന്നതിനെപ്പറ്റിയാണ് തുടർന്ന് അദ്ദേഹം സംസാരിച്ചത്. വനംവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ആ വിഷയത്തിനുള്ള പ്രസക്തി എത്ര മാത്രമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. സി.എച്ചിന്റെ കീഴിലുള്ള പി.ഡബ്ല്യു.ഡി എഞ്ചിനീയർമാർ തന്നെയാണ് റോഡുകൾ മഴവെള്ളം ഒഴുകി ചിത്തയാകുമെന്ന കാരണത്താൽ അതിന് എതിർപ്പ് പ്രകടിപ്പിച്ചതെന്ന് മന്ത്രി നൂറുദ്ദീൻ സാഹിബ് വ്യക്തമാക്കിയപ്പോൾ അങ്ങനെയാണെങ്കിൽ കർണ്ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡുകൾക്കൊന്നും കേടുകൾ കാണുന്നില്ലല്ലോ എന്ന എന്റെ അഭിപ്രായത്തോട് സി.എച്ചും യോജിച്ചു. നല്ലൊരു കാര്യം ആര് എതിർത്താലും അതു നടപ്പിലാക്കുക തന്നെ വേണമെന്ന നിലപാട് സി.എച്ച് ആവർത്തിച്ചു. നമ്മുടെ വനങ്ങളിൽ നിന്നെല്ലാം മരങ്ങൾ മുറിച്ച് തള്ളുന്നതുകൊണ്ടുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾക്കു പരിഹാരമായും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഉപകാരപ്രദമായ നടപടി എന്ന നിലയിലും ഇതിനെ കാണണമെന്ന് സി.എച്ച് അഭിപ്രായപ്പെട്ടു.

ഇങ്ങനെ പലതും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സമയം ഉച്ച 12 മണിയായത് അറിഞ്ഞതേയില്ല. ഈ സന്ദർശനം സി.എച്ചുമായുള്ള എന്റെ ഏറ്റവും അവസാനത്തെ കൂടിക്കാഴ്‌ചയായിരുന്നു. പിന്നെയെല്ലാം ഓർമ്മകൾ മാത്രം.